കോട്ടയം: കോൺഗ്രസ് വേദിയിലെ ആൾക്കൂട്ടത്തെ പരസ്യമായി വിമർശിച്ച് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കെ.പി.സി.സി സംഘടിപ്പിച്ച 'സംസ്കാര ഉത്സവ് 2026' പരിപാടിയിൽ സംസാരിക്കവെയാണ്, സദസ്സിലുള്ളതിനേക്കാൾ കൂടുതൽ ആളുകൾ വേദിയിലിരിക്കുന്നത് കോൺഗ്രസ് ശ്രദ്ധിക്കണമെന്ന് അദ്ദേഹം തുറന്നടിച്ചത്. ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്നും വർഗീയ ഭൂരിപക്ഷം ഉണ്ടാകുന്നത് അപകടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എഴുത്തുകാരന്റെയും വ്യക്തിയുടെയും ആവിഷ്കാര സ്വാതന്ത്ര്യം ഭയരഹിതമായി വിനിയോഗിക്കാൻ കഴിയണമെന്നും അത് തടയുന്നത് ഫാസിസത്തിന്റെ ലക്ഷണമാണെന്നും പ്രേംകുമാർ വ്യക്തമാക്കി.
ഇടതുപക്ഷവുമായി അകന്ന പ്രേംകുമാർ ഉടൻ കോൺഗ്രസിൽ ചേരുമെന്ന സൂചനകൾക്കിടെയാണ് പാർട്ടി പരിപാടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കഴക്കൂട്ടത്ത് നിന്ന് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം കെ.സി. വേണുഗോപാലുമായി ഫോണിൽ സംസാരിച്ചതും ഈ അഭ്യൂഹങ്ങൾക്ക് കരുത്തുപകരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിനെത്തുടർന്ന് സി.പി.എമ്മിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉയർത്തിയ പ്രേംകുമാർ, തന്റെ കുടുംബത്തിന്റെ കോൺഗ്രസ് പാരമ്പര്യവും കെ.എസ്.യു കാലത്തെ ഓർമ്മകളും അടുത്തിടെ പങ്കുവെച്ചിരുന്നു.



