കോട്ടയം വിൻഡ്സർ കാസിലിൽ നടന്ന ഫോമാ നാഷണൽ കൺവെൻഷൻ വൻ വിജയമായിരുന്നുവെന്ന് സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ. ജനുവരി 9, 10 തീയതികളിലായാണ് പരിപാടി നടന്നത്. കൺവെൻഷനോടനുബന്ധിച്ച് സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ നടന്ന ചാരിറ്റി പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നാല് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകിയതിനൊപ്പം, നിർധനരായ രണ്ട് കുടുംബങ്ങൾക്ക് ഉപജീവനത്തിനായി പശുക്കളെയും വാങ്ങി നൽകി. നേരത്തെ ഭവനരഹിതർക്ക് വീട് നൽകിയും, തയ്യൽ മെഷീനുകൾ, വീൽചെയറുകൾ എന്നിവ വിതരണം ചെയ്തും ഫോമാ സെൻട്രൽ റീജിയൻ സേവനരംഗത്ത് സജീവമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ, എം.പിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവർ പങ്കെടുത്തു. കൂടാതെ പീറ്റർ കുളങ്ങര, സിജിൽ പാലക്കലോടി, ശാലു പുന്നൂസ്, പോൾ ജോസ്, അനുപമ കൃഷ്ണൻ തുടങ്ങിയ ഭാരവാഹികളും മുൻ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബേബി ഊരാളിൽ എന്നിവരും സംസാരിച്ചു. ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ സെൻട്രൽ റീജിയൻ എന്നും മുൻപന്തിയിലുണ്ടാകുമെന്നും എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും ജോൺസൺ കണ്ണൂക്കാടൻ പറഞ്ഞു.



