തിരുവനന്തപുരം: കാമുകിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് സുഹൃത്തിന്റെ വീട്ടിൽ ജീവനൊടുക്കിയത്. പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കിരൺ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്ന് കിരൺ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ മറ്റാരെങ്കിലും മനഃപൂർവ്വം പുറത്തുവിട്ടതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലെത്തിയ കിരൺ രാവിലെയാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിനെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.



