സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിന്ന നടൻ ബിജു മേനോനെതിരെ നിയമനടപടിക്കൊരുങ്ങി സംവിധായകൻ അനൂപ് കണ്ണൻ. കരാർ പ്രകാരമുള്ള പ്രമോഷൻ പ്രവർത്തനങ്ങളിൽ താരം സഹകരിക്കാത്തത് മൂലം നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകന്റെ നീക്കം. കരാറിൽ ഒപ്പിട്ട ശേഷം പ്രമോഷൻ ബാധ്യതകളിൽ നിന്ന് ബിജു മേനോൻ പിൻവാങ്ങിയെന്നും ഇത് ചാനലുകളിൽ നിന്ന് ലഭിക്കേണ്ട തുകയെ ബാധിച്ചെന്നുമാണ് പ്രധാന പരാതി. ജീത്തു ജോസഫ് ചിത്രത്തിലും നിലവിൽ പുറത്തിറങ്ങിയ സിനിമയിലും സമാനമായ രീതിയിൽ താരം പ്രമോഷന് എത്തിയില്ലെന്നും ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു.
വാർത്താസമ്മേളനത്തിൽ ബിജു മേനോനെതിരെ വിമർശനം ഉന്നയിക്കുന്നതിനൊപ്പം സിനിമയിലെ പുതിയ തൊഴിൽ കരാറിനെക്കുറിച്ചും ബി. ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. പുതിയ കരാർ പ്രകാരം ജോലിസമയം 16 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറച്ചിട്ടുണ്ട്. തൊഴിലാളികളുടെ വിശ്രമം, ഓവർടൈം വേതനം എന്നിവയിൽ വ്യക്തമായ വ്യവസ്ഥകൾ കൊണ്ടുവന്നതായും താരങ്ങൾ വൈകിയെത്തുന്നത് മൂലം താഴെത്തട്ടിലെ തൊഴിലാളികൾ അധികജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



