തുടർഭരണം ഉണ്ടായാൽ കേരളത്തിൽ 'പാവപ്പെട്ടവർ' എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളെയും ഉയർത്തുകയാണ് ലക്ഷ്യമെന്നും, അതോടെ ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ പാവങ്ങൾ എന്ന പദം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും എം.വി. ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിച്ചു. സതീശന്റെ ജാഥയിൽ കേരളത്തിന്റെ വികസന അജണ്ടയില്ലെന്നും അദ്ദേഹം കോലീബി-ജമാഅത്തെ സഖ്യത്തിന്റെ കോ-ഓർഡിനേറ്റർ ആണെന്നും ഗോവിന്ദൻ ആരോപിച്ചു. രാജീവ് ചന്ദ്രശേഖരനും ജമാഅത്തെ ഇസ്ലാമിക്കും വർഗീയതയില്ലെന്ന് പറയുന്ന സതീശന്റെ നിലപാട് തന്നെയാണോ കോൺഗ്രസ് ഹൈക്കമാൻഡിനെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, പി.വി. അൻവറിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ബേപ്പൂരിലെ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയിൽ സംസാരിക്കവെ, അൻവറിന്റെ മോഹങ്ങൾ നടക്കില്ലെന്നും ബേപ്പൂരിൽ ഇടതുപക്ഷം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



