കോഴിക്കോട് കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട. കുറ്റ്യാടി കമ്മനത്താഴ പുത്തൻപുരയിൽ സുബൈറിന്റെ വീട്ടിൽ നിന്ന് 36.186 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് എത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലാത്തതിനാൽ പ്രതി ഒളിവിലാണ്. കഴിഞ്ഞ വർഷവും 500 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവറായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്നതിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് ഈ വലിയ ശേഖരം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. നാദാപുരം ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി എസ് ഐ സമീറിന്റെ നേതൃത്വത്തിൽ നാദാപുരം ഡി.വൈ.എസ്.പിയും സ്പെഷ്യൽ സ്ക്വാഡും കുറ്റ്യാടി പൊലീസും സംയുക്തമായാണ് ഈ പരിശോധന നടത്തിയത്.



