കൊല്ലം കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സ്കൂൾ ഗേറ്റിൽ തടഞ്ഞു. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതിനെത്തുടർന്ന് അധ്യാപിക ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുട്ടികൾക്കായി വാങ്ങിയ മുട്ടയുമായാണ് അധ്യാപിക സ്കൂളിലെത്തിയത്. പിന്നീട് പോലീസ് എത്തിയാണ് ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
ചുരിദാർ ധരിച്ചെത്തുന്നതിനെ കഴിഞ്ഞദിവസം മാനേജർ സുരേഷ് കുമാർ വിലക്കിയിരുന്നതായി അധ്യാപിക പരാതിപ്പെട്ടു. അധ്യാപികമാർക്ക് ചുരിദാർ ധരിക്കാൻ സർക്കാർ അനുവാദമുണ്ടായിരിക്കെ, മാനേജരുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ പോലീസിൽ പരാതി നൽകി. എന്നാൽ, വസ്ത്രത്തിന്റെ പേരിൽ ആരെയും തടയാൻ താൻ നിർദ്ദേശിച്ചിട്ടില്ലെന്ന് മാനേജർ വിശദീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



