മ്യാന്മറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് കൊൽക്കത്തയിലും ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മ്യാന്മറിലെ അക്യാബിന് 70 മൈൽ കിഴക്കായി, ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി.
കഴിഞ്ഞ 71 മണിക്കൂറിനുള്ളിൽ മ്യാന്മറിൽ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂകമ്പമാണിതെന്ന് ഇഎംഎസ്‌സി (EMSC) അറിയിച്ചു. പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ടെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



