ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാർ പ്രകാരം ഇന്ത്യക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചെന്നും, ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. എന്നാൽ വ്യാപാരക്കരാർ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
തീരുവ കുറച്ചതിന് പകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചെന്നും ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങിയേക്കും. കൂടാതെ, യുഎസിന്റെ ഊർജ, സാങ്കേതിക, കാർഷിക മേഖലകളിൽ നിന്ന് 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ പൂർണ്ണമായും ഒഴിവാക്കുമെന്നും ട്രംപ് പറഞ്ഞു. നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ ക്രമീകരണങ്ങൾ നടത്തിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർഗിയോ ഗോർ ഇരുവരും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് സൂചിപ്പിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.



