മുൻ ഇന്ത്യൻ വാഴ്‌സിറ്റീസ് ഫുട്‌ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) തിരുവനന്തപുരത്ത് അന്തരിച്ചു. എം.ജി. സർവകലാശാല കായിക വകുപ്പ് മേധാവിയായി വിരമിച്ച അദ്ദേഹം കേരള സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള, ബാംഗ്ലൂർ സർവകലാശാലകൾക്കായി ബൂട്ടു കെട്ടിയ അദ്ദേഹം 1970-71 കാലഘട്ടത്തിൽ കേരളത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഫാക്ട്, കെ.എസ്.ഇ.ബി ടീമുകൾക്കായി കളിച്ച അദ്ദേഹം പിന്നീട് പരിശീലകനായും തിളങ്ങി. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്, ത്രോബോൾ അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ വസതിയിൽ എത്തിക്കും. കബറടക്കം നാളെ രാവിലെ 11-ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടക്കും. റംലയാണ് ഭാര്യ. മുഹമ്മദ് സലിം, സജീന, ഷബീന എന്നിവർ മക്കളാണ്.



