ലോസ് ആഞ്ചലസിലെ കാലിഫോർണിയ ക്ലബ്ബിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ലോസ് ആഞ്ചലസ് ഡൗൺടൗണിലെ കാലിഫോർണിയ ക്ലബ്ബിൽ വച്ചാണ് ചടങ്ങ് നടന്നത്.
ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിന വിരുന്നായിരുന്നു ഇത്. കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ, എൽ.എ സിറ്റി കൗൺസിൽ അംഗം നിത്യ രാമൻ, ബെവർലി ഹിൽസ് മേയർ ഡോ. ഷാരോണ നസാരിയൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്നും സാങ്കേതിക രംഗത്തും നവീകരണത്തിലും രാജ്യം ആഗോളതലത്തിൽ മുന്നിലാണെന്നും കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സാങ്കേതികവിദ്യ, ഹോളിവുഡ്-ഇന്ത്യൻ സിനിമാ സഹകരണം, കാലാവസ്ഥാ സംരക്ഷണം എന്നീ മേഖലകളിൽ കാലിഫോർണിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ ഭൗതികശാസ്ത്രജ്ഞൻ ഡോ. മണി ഭൗമിക്, തബല വിദ്വാൻ പണ്ഡിറ്റ് അഭിജിത് ബാനർജി എന്നിവരെ ആദരിച്ചു. ഭാരതീയ കലാരൂപങ്ങളുടെ മിന്നുന്ന പ്രകടനങ്ങളോടെയാണ് ആഘോഷങ്ങൾ പൂർത്തിയായത്.



