പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത സംബന്ധിച്ച കാര്യത്തിൽ ഫെബ്രുവരി രണ്ടിന് തീരുമാനമുണ്ടാകും. നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേർന്ന് ഡി.കെ. മുരളി നൽകിയ പരാതി പരിഗണിക്കും. എംഎൽഎയുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും സമിതി അന്തിമ നടപടി സ്വീകരിക്കുക. മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച രാഹുൽ നിലവിൽ അടൂരിലെ വീട്ടിലാണുള്ളത്. അന്വേഷണ സംഘത്തിന് മുന്നിൽ ശനിയാഴ്ച ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാൽ അദ്ദേഹം ഉടൻ പാലക്കാട്ടേക്ക് പോകില്ല. ബജറ്റ് ദിനമായ ഇന്ന് സഭയിൽ എത്തുമെന്ന് കരുതിയിരുന്നെങ്കിലും രാഹുൽ അത് ഒഴിവാക്കി.
അഞ്ച് കർശന ഉപാധികളോടെയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചല്ല നടന്നതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്തിന് ശേഷം ഒരു വർഷവും ഒമ്പത് മാസവും കഴിഞ്ഞാണ് പരാതി നൽകിയതെന്നതും കോടതി മുഖവിലയ്ക്കെടുത്തു. പരാതിക്കാരി വിദേശത്തായതിനാൽ രാഹുൽ അവരെ ഭീഷണിപ്പെടുത്തുമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. നിലവിൽ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ കോടതി ചില സുപ്രധാന സംശയങ്ങൾ ഉന്നയിച്ചു. നിലവിലെ വിവാഹബന്ധം വേർപെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയുമെന്നും, വിവാഹമോചനത്തിനുള്ള നടപടികൾ പരാതിക്കാരി സ്വീകരിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, പീഡനം നടന്നുവെന്ന് ആരോപിക്കുന്ന കാലയളവിന് ശേഷവും എംഎൽഎയും പരാതിക്കാരിയും തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ തുടർന്നിരുന്നു എന്നതും ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.



