കൊളംബിയയിൽ ചെറുവിമാനം തകർന്നു വീണ് ഒരു ജനപ്രതിനിധി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. വെനസ്വേലൻ അതിർത്തിക്ക് സമീപം ബുധനാഴ്ചയായിരുന്നു അപകടം. 13 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.
വിമാനക്കമ്പനിയായ സറ്റേനയുടെ ഉടമസ്ഥതയിലുള്ള വിമാനം അതിർത്തി നഗരമായ കുക്കുട്ടയിൽ നിന്ന് പറന്നുയർന്നതായിരുന്നു. ഒക്കാനയിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ ബാക്കിനിൽക്കെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പർവതപ്രദേശമായ ഇവിടെ അപകടത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വിമാനക്കമ്പനി വ്യക്തമാക്കിയിട്ടില്ല. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനും സർക്കാർ വ്യോമസേനയെ നിയോഗിച്ചിട്ടുണ്ട്.



