പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് ആയിരം രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു. വൈകുന്നേരം അഞ്ചുമണി വരെ കോടതിയിൽ നിൽക്കാനാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചത്. 2022 ജൂൺ 24-ന് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചതിനാണ് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ചന്ദ്രനഗറിന് സമീപം നടന്ന ഉപരോധത്തിൽ നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഷാഫി പറമ്പിലായിരുന്നു ഒന്നാം പ്രതി. നേരത്തെ ഹാജരാകാത്തതിനെ തുടർന്ന് കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ കേസിൽ ഒമ്പതാം പ്രതിയായിരുന്ന ഡോ. പി. സരിൻ നേരത്തെ കോടതിയിൽ ഹാജരാവുകയും 500 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയായി ലഭിക്കുകയും ചെയ്തിരുന്നു.



