കൊല്ലം അഞ്ചലിൽ സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ചുപോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇഎസ്ഐ ഡിസ്പെൻസറിയിലെ ജീവനക്കാരാണ് രാവിലെ ഓഫീസിലെത്തി ഒപ്പിട്ട ശേഷം കൂട്ടത്തോടെ വിവാഹത്തിന് പോയത്. ചികിത്സ തേടിയെത്തിയ രോഗികൾ ദുരിതത്തിലായതോടെ എഐവൈഎഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പിന്നീട് ഒരു ജീവനക്കാരൻ മടങ്ങിയെത്തിയാണ് ആശുപത്രി തുറന്നത്.
തിരുവനന്തപുരം വിളപ്പിൽശാലയിൽ ചികിത്സ വൈകിയതിനെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട യുവാവ് മരിച്ച സംഭവത്തിന് പിന്നാലെയാണ് കൊല്ലത്തും സമാനമായ അനാസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളപ്പിൽശാലയിൽ പുലർച്ചെ ശ്വാസതടസ്സം അനുഭവപ്പെട്ട ബിസ്മീർ എന്ന മുപ്പത്തിയേഴുകാരനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഗേറ്റ് പൂട്ടിക്കിടന്നത് വലിയ വിവാദമായിരുന്നു. സർക്കാർ ആശുപത്രികളുടെ സേവന നിലവാരത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയർത്തുന്നതാണ് ഈ രണ്ട് സംഭവങ്ങളും.



