തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ ഇഹാൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ പിതാവ് ഷിജിലിനെക്കുറിച്ച് അതീവ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതി ഒരു കൊടും ക്രിമിനൽ ആണെന്നും ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസ്സമായതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഭാര്യ കൃഷ്ണപ്രിയ നൽകിയ രഹസ്യ മൊഴിയിൽ പറയുന്നു.
സംഭവദിവസം രാത്രി ദമ്പതികൾക്കിടയിൽ കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞത് ഷിജിലിനെ പ്രകോപിപ്പിക്കുകയും മടിയിലിരുത്തി കുഞ്ഞിന്റെ അടിവയറ്റിൽ കൈമുട്ടുകൊണ്ട് ആഞ്ഞടിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ഇയാൾ ആദ്യം വിസമ്മതിച്ചതായും ഏറെ നേരത്തെ അപേക്ഷകൾക്കൊടുവിലാണ് കൊണ്ടുപോകാൻ തയ്യാറായതെന്നും പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ആശുപത്രിയിലെത്തും മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നു.
പ്രതിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. സെക്സ് ചാറ്റ് ആപ്പുകളിൽ സജീവമായ ഷിജിൽ, നിരവധി സ്ത്രീകളുമായി അശ്ലീല ചാറ്റുകൾ നടത്തിയിരുന്നതായും ഇതിനായി പ്രത്യേക ഗ്രൂപ്പുകൾ തുടങ്ങിയിരുന്നതായും പോലീസ് കണ്ടെത്തി. കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി ഇയാൾ നിരന്തരം തർക്കങ്ങൾ ഉണ്ടാക്കുമായിരുന്നു. ഷിജിലിന്റെ ഫോണിൽ നിന്ന് കുഞ്ഞിന്റെ ആകെ ഒരു ചിത്രം മാത്രമാണ് ലഭിച്ചത്; അത് കുഞ്ഞിന്റെ കൈ ഒടിച്ച ശേഷമുള്ള ദൃശ്യമാണെന്ന് കൃഷ്ണപ്രിയ മൊഴി നൽകി.
ഷിജിൽ മാത്രമല്ല, അയാളുടെ മാതാപിതാക്കളും സഹോദരിയും ചേർന്ന് ഗ്രീമയെയും കുഞ്ഞിനെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിനെ അലസിപ്പിക്കാൻ ഷിജിൽ പലതവണ ശ്രമിച്ചിരുന്നതായും കൃഷ്ണപ്രിയയുടെ അമ്മ വെളിപ്പെടുത്തി. ഏതൊരു മനുഷ്യനെയും അറപ്പിക്കുന്ന രീതിയിലുള്ള ക്രൂരതകളാണ് കുഞ്ഞിനോടും ഭാര്യയോടും ഷിജിൽ അനുവർത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.



