തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പിതാവ് ഷിജിൻ കുറ്റം സമ്മതിച്ചു. പോലീസിന്റെ തുടർച്ചയായ ചോദ്യം ചെയ്യലിനിടുവിലാണ് കവളാകുളം സ്വദേശിയായ ഷിജിൻ ക്രൂരമായ കൊലപാതക വിവരം വെളിപ്പെടുത്തിയത്. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിച്ചുവെന്നും ഇതേത്തുടർന്നാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നുമാണ് ഇയാളുടെ മൊഴി.
ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ ഉപദ്രവിക്കാൻ കാരണമായതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.അടിവയറ്റിലേറ്റ മർദനത്തെത്തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞ് മരണപ്പെടുന്നത്. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണുവെന്നായിരുന്നു മാതാപിതാക്കൾ ആദ്യം നൽകിയ മൊഴി.
എന്നാൽ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. സംഭവത്തിൽ ഷിജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മർദനവിവരം മാതാവിന് അറിയാമായിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. മൂന്നാഴ്ച മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവവും കൊലപാതക ശ്രമത്തിന്റെ ഭാഗമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.



