കൊച്ചി പനങ്ങാട് ഫേസ് ക്രീം മാറ്റിവെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ എഴുപതുകാരിയായ അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ചുവീഴ്ത്തിയ മകൾ നിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ സരസു എന്ന വയോധികയുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച നടന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നിവ്യയെ പത്ത് വയസ്സുള്ള മകനോടൊപ്പം വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിലവിൽ പരിക്കേറ്റ അമ്മ ചികിത്സയിലാണ്.
ക്രിമിനൽ പശ്ചാത്തലമുള്ള നിവ്യ നേരത്തെ ഒരു കൊലപാതകക്കേസിലും കുട്ടിളെ തട്ടിക്കൊണ്ടുപോയ കേസിലും ലഹരിക്കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പണത്തിന് വേണ്ടിയും മറ്റും നിവ്യ വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഇതിനു മുൻപും അമ്മയെ മർദിച്ചതിന് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ കൂടുതൽ കടുത്ത നിയമനടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം.



