മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ട് വഴിക്കാക്കിയത് ഉമ്മൻചാണ്ടിയാണെന്നും, മധ്യസ്ഥത പറഞ്ഞ് തന്റെ കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാർ ആരോപിച്ചു. തന്റെ പിതാവിനെ ഗണേഷ് കുമാർ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ പറ്റിക്കാനാണ് ഇത്തരം പുതിയ കഥകൾ ഇറക്കുന്നതെന്നും, 2003-ൽ കേവലം ഒരു കുടുംബ വഴക്കിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് എന്ത് തെറ്റിന്റെ പേരിലാണെന്നും അദ്ദേഹം ചോദിച്ചു. തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാർ ആണെന്നും വിവാദമായ 18 പേജുള്ള കത്ത് 24 പേജായി മാറിയതിന് പിന്നിൽ ഗണേഷ് കുമാർ ആണെന്നും ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തന്റെ പിതാവ് ഗണേഷ് കുമാറിനെ സ്വന്തം മകനെപ്പോലെയാണ് സ്നേഹിച്ചതെന്നും എന്നിട്ടും തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉമ്മൻചാണ്ടി തന്നെ ചതിച്ചുവെന്ന വെളിപ്പെടുത്തലുമായി ഗണേഷ് കുമാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.



