കോഴിക്കോട് ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ മുസ്ലീം ലീഗ് വനിതാ നേതാവ് ഷിംജിത മുസ്തഫയെ പോലീസ് പിടികൂടി. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയും സ്വകാര്യ വസ്ത്ര നിർമ്മാണ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവുമായ 42 വയസ്സുകാരൻ ദീപക് ആണ് ഷിംജിതയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജീവനൊടുക്കിയത്. കണ്ണൂർ പയ്യന്നൂരിൽ വെച്ച് ബസ്സിൽ യാത്ര ചെയ്യവെ ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശത്തോടെ തൊട്ടു എന്ന് ആരോപിച്ചാണ് ഷിംജിത വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
പിന്നീട് ആദ്യത്തെ വീഡിയോ പിൻവലിച്ചെങ്കിലും വിശദീകരണവുമായി മറ്റൊരു വീഡിയോ കൂടി ഇവർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ ഉയരുകയും ദീപക് കടുത്ത മാനസിക വിഷമത്തിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ പോലീസ്, ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രതി നേരത്തെ കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.



