D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന് തിരിച്ചടി; ജാമ്യഹര്‍ജി തളളി, ജയിലില്‍ തുടരും
മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ഹർജി നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ അദ്ദേഹത്തിന് തിരിച്ചടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ അദ്ദേഹം ജയിലിൽ തുടരും. മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപാണ് ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ഹർജി നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. വിദേശത്തുള്ള തിരുവല്ല സ്വദേശിനിയുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അടച്ചിട്ട കോടതി മുറിയിലായിരുന്നു കേസിലെ വാദപ്രതിവാദങ്ങൾ നടന്നത്. രാഹുലിനെതിരെ സമാനമായ പരാതികൾ നിരന്തരം ഉയരുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയിൽ ശക്തമായി വാദിച്ചു. എന്നാൽ, രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയ പ്രതിഭാഗം, ബന്ധം പരസ്പര സമ്മതപ്രകാരമായിരുന്നുവെന്നും അറസ്റ്റ് നടപടികൾ നിയമവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് രഹസ്യ വിചാരണ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *