ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. അഡ്വ. ബിജി ഹരീന്ദ്രനാഥിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി അതിജീവിത നേരത്തെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അപേക്ഷ നൽകിയിരുന്നു.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നൽകിയ പരാതി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കിലും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് അതിജീവിത നേരത്തെ വ്യക്തമാക്കിയിരുന്നു. സഭാ നേതൃത്വം ഇപ്പോഴും നിശബ്ദത തുടരുകയാണെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പോലീസ് സുരക്ഷ ഏർപ്പെടുത്തിയതോടെ നേരിട്ടുള്ള ഭീഷണികൾക്ക് കുറവുണ്ടെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം നീതി ലഭിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിജീവിത പ്രതികരിച്ചു.



