D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ദിലീപിനെ വെറുതെവിടാനായി എഴുതിയ വിധി’; നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിക്കെതിരെ നിയമോപദേശം
ദിലീപിനെ എട്ടാം പ്രതിസ്ഥാനത്തുനിന്ന് കുറ്റവിമുക്തനാക്കിയ വിധി തെളിവുകൾ പരിഗണിക്കാതെയുള്ളതാണെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു....

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ അതീവ ഗുരുതരമായ പരാമർശങ്ങൾ അടങ്ങിയ നിയമോപദേശം സർക്കാരിന് ലഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ആണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സംശയനിഴലിലുള്ള ജഡ്ജി ഈ കേസിൽ വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ദിലീപിനെ എട്ടാം പ്രതിസ്ഥാനത്തുനിന്ന് കുറ്റവിമുക്തനാക്കിയ വിധി തെളിവുകൾ പരിഗണിക്കാതെയുള്ളതാണെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.

2025 ഡിസംബറിൽ വന്ന വിധിയിൽ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ നടനെ രക്ഷിക്കാൻ വേണ്ടി തയ്യാറാക്കിയതാണ് ഈ വിധിയെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വി. അജയകുമാറിന്റെ കുറിപ്പ് സഹിതം ഡിജിപി നൽകിയ ഉപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ച കോടതി, എട്ടാം പ്രതിക്കെതിരായ തെളിവുകൾ ബോധപൂർവ്വം അവഗണിച്ചു എന്നാണ് പ്രോസിക്യൂഷന്റെ വിമർശനം. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

അതിജീവിതയുടെ മൊഴികളെ വിചാരണ കോടതി തള്ളിയ രീതിയെയും പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്നു. ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്ന അതിജീവിതയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിധിപ്പകർപ്പിൽ പറയുന്നത്. 2012-ൽ കൊച്ചിയിൽ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെ ദിലീപ് തന്നോട് വിരോധം പ്രകടിപ്പിച്ചിരുന്നതായി നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇതിന് സാക്ഷികളില്ലെന്നും മറ്റാരോടും നടി ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് തള്ളിയത്. ഈ നിഗമനങ്ങൾ തെറ്റാണെന്നും നടനെതിരായ ശക്തമായ സാഹചര്യത്തെളിവുകൾ അപ്പീലിൽ ചൂണ്ടിക്കാണിക്കുമെന്നും നിയമോപദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *