D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു
35 വർഷത്തെ ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ചാണ് റെജി ലൂക്കോസ് ബി.ജെ.പി പാളയത്തിലെത്തിയത്....

ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ സജീവ ശബ്ദമായിരുന്ന റെജി ലൂക്കോസ് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരിച്ചു. 35 വർഷത്തെ ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ചാണ് റെജി ലൂക്കോസ് ബി.ജെ.പി പാളയത്തിലെത്തിയത്.

കാലഹരണപ്പെട്ടതും ദ്രവിച്ചതുമായ പഴയ രാഷ്ട്രീയ ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബി.ജെ.പിയുടെ വികസന കാഴ്ചപ്പാടുകളിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യമില്ലെന്നും യുവാക്കൾ നാടുവിടുന്ന അവസ്ഥ തുടർന്നാൽ കേരളം വൈകാതെ ഒരു വൃദ്ധസദനമായി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സി.പി.എം സമീപകാലത്തായി നടത്തുന്ന രാഷ്ട്രീയ വ്യതിയാനങ്ങളും വർഗീയ വിഭജന ശ്രമങ്ങളും തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും റെജി ലൂക്കോസ് വ്യക്തമാക്കി.

ഇനി മുതൽ താൻ ബി.ജെ.പിയുടെ ശബ്ദമായി നിലകൊള്ളുമെന്നും പാർട്ടിയുടെ വികസന ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ റെജി ലൂക്കോസിന്റെ ബി.ജെ.പി പ്രവേശനം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ മാസം 11-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നതോടെ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *