കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിൽ റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെയുണ്ടായ തിരക്കിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പൊയ്‌നാച്ചി പറമ്പ സ്വദേശി ശിവാനന്ദൻ (20) ആണ് മരിച്ചത്. മറ്റൊരാൾക്ക് അപകടത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലൂടെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ യുവാക്കളെ ഇടിക്കുകയായിരുന്നു.
രാത്രി പത്ത് മണിയോടെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രാക്ക് വഴി അനധികൃതമായി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതോടെ പരിസരത്ത് കനത്ത തിരക്കും ഉന്തും തള്ളും അനുഭവപ്പെട്ടു. തിരക്കിൽപ്പെട്ട് നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചിലർ കുഴഞ്ഞുവീഴുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘാടകർ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ജനപ്രവാഹം നിയന്ത്രണാതീതമായിരുന്നു. നിശ്ചയിച്ച സമയത്തേക്കാൾ ഒന്നര മണിക്കൂർ വൈകിയാണ് വേടൻ പരിപാടിക്കെത്തിയത്.



