ആലപ്പുഴ ജില്ലയിലെ എബിവിപി ചെങ്ങന്നൂർ നഗർ സമിതി അംഗമായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 2012 ജൂലൈ 16-ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വെച്ച് 19-കാരനായ വിശാലിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതികളായിരുന്ന 20 പേരെയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്.
ഡിഗ്രി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ വിശാലിനൊപ്പമുണ്ടായിരുന്ന വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർക്കും പരിക്കേറ്റിരുന്നു. ലോക്കൽ പോലീസ് ആരംഭിച്ച അന്വേഷണം പിന്നീട് ക്രൈം ബ്രാഞ്ചാണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള കോടതിവിധി പ്രോസിക്യൂഷന് വലിയ തിരിച്ചടിയായിരിക്കുകയാണ്. വിധിപ്പകർപ്പ് ലഭിച്ച ശേഷം വിശദമായ പഠനം നടത്തി മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.



