എ.എ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. റഹീം ഇംഗ്ലീഷ് അധ്യാപകനല്ലെന്നും എല്ലാ ഭാഷയിലും പരിജ്ഞാനം വേണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പണിയുമില്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നതെന്നും ഇത് ഗ്രാമർ പരീക്ഷയല്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, ട്രോളുന്നവർക്കെതിരെ തനിക്ക് പരാതിയൊന്നുമില്ലെന്ന് എ.എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. ഭാഷാപരമായ പരിമിതികളുണ്ടെങ്കിലും മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരേ ഭാഷയാണെന്നും കർണാടകയിലെ ഇരകളുടെ വേദന മനസ്സിലാക്കാൻ തനിക്ക് പ്രയാസമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണകൂട ഭീകരതയുടെ ഇരകളായ ശബ്ദമില്ലാത്ത മനുഷ്യരെ തേടിയാണ് താൻ പോയതെന്നും ആ യാത്രയിൽ അഭിമാനമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവർ ആ പാവപ്പെട്ട മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്. ഭാഷയുടെ പേരിൽ പരിഹസിച്ചാലും ഇനിയും ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് തുടരുമെന്നും റഹീം വ്യക്തമാക്കി.



