D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സ്വർണമോഷണം; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
കേസിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസം രൂക്ഷവിമർശനം ഉണ്ടായതിന് പിന്നാലെയാണ് നടപടി.

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. 2019-ൽ എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ബോർഡ് അംഗമായിരുന്നു വിജയകുമാർ. കേസിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസം രൂക്ഷവിമർശനം ഉണ്ടായതിന് പിന്നാലെയാണ് നടപടി.

ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയകുമാറിനോടും മറ്റൊരു മുൻ അംഗമായ കെ.പി. ശങ്കർദാസിനോടും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയ ശങ്കർദാസ് മുൻകൂർ ജാമ്യത്തിനായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കോടതി ഈ ഹർജി ഇതുവരെ പരിഗണിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി നൽകിയ മൊഴിയിൽ സ്വർണക്കൊള്ളയെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള അമൂല്യവസ്തുക്കൾ തന്റെ കൈവശമുണ്ടെന്ന് കേസിലെ പ്രതിയായ ഡി. മണി വെളിപ്പെടുത്തിയതായി ഇയാൾ മൊഴി നൽകി. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വഴിയാണ് താൻ ഡി. മണിയെ പരിചയപ്പെട്ടതെന്നും അമൂല്യവസ്തുക്കൾ കാണാൻ ഡിണ്ടിഗലിലെ വീട്ടിൽ പോയിരുന്നതായും പ്രവാസി വ്യവസായിയുടെ മൊഴിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *