ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് കെട്ടിടത്തെച്ചൊല്ലിയുള്ള തർക്കത്തിൽ വിശദീകരണവുമായി ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രംഗത്തെത്തി. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം കൗൺസിലറുടെ ഓഫീസ് പ്രവർത്തിക്കേണ്ട ഇടമാണെന്നും, അവിടെ ഒരു മുറി വിട്ടുതരണമെന്ന് മാത്രമാണ് താൻ വി.കെ. പ്രശാന്ത് എംഎൽഎയോട് അഭ്യർത്ഥിച്ചതെന്നും അവർ പറഞ്ഞു.
വി.കെ. പ്രശാന്ത് തനിക്ക് സഹോദരതുല്യനാണെന്നും തങ്ങൾക്കിടയിൽ നടന്നത് ഒരു സൗഹൃദ സംഭാഷണം മാത്രമാണെന്നും വ്യക്തമാക്കിയ ശ്രീലേഖ, ഇതിനെ വിവാദമാക്കരുതെന്നും അഭ്യർത്ഥിച്ചു. എംഎൽഎയ്ക്ക് എവിടെ വേണമെങ്കിലും ഓഫീസ് കണ്ടെത്താമെന്നും എന്നാൽ കൗൺസിലറായ താൻ എവിടെ പോകുമെന്നും അവർ ചോദിച്ചു. അതേസമയം, ഓഫീസ് ഒഴിയാൻ കഴിയില്ലെന്ന നിലപാടിൽ എംഎൽഎ വി.കെ. പ്രശാന്ത് ഉറച്ചുനിൽക്കുകയാണ്.
വാടക കാലാവധി തീരുന്നതുവരെ അവിടെത്തന്നെ തുടരുമെന്നും അതിനുശേഷം മാത്രമേ മറ്റുകാര്യങ്ങൾ തീരുമാനിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് അവിടെയുണ്ടായിരുന്ന കൗൺസിലർമാർക്ക് ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ് നിലവിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. വിഷയത്തിൽ ബിജെപി നേതൃത്വവുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർ. ശ്രീലേഖ അറിയിച്ചു.



