തിരുവനന്തപുരം വെള്ളനാട് ഗ്രാമപഞ്ചായത്തിൽ ഔദ്യോഗിക വാഹനത്തെച്ചൊല്ലി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ നടുറോഡിൽ തർക്കം. പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനം തടഞ്ഞുനിർത്തിയാണ് പ്രസിഡന്റ് വെള്ളനാട് ശശി തന്റെ പ്രതിഷേധം അറിയിച്ചത്. പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞാ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ച് സെക്രട്ടറി മടങ്ങിവരുന്നതിനിടെ കുളക്കോട് ഭാഗത്ത് വെച്ചായിരുന്നു സംഭവം.
വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വാഹനം വിട്ടുനൽകാൻ കഴിയില്ലെന്ന് സെക്രട്ടറി നിലപാടെടുത്തതാണ് തർക്കത്തിന് കാരണമായത്. എന്നാൽ വിവിധ സ്ഥലങ്ങളിൽ പോകാൻ വാഹനം വേണമെന്ന് പ്രസിഡന്റ് ആവശ്യപ്പെടുകയും വാഹനത്തിനുള്ളിൽ കയറി ഇരിക്കുകയും ചെയ്തു. ഒടുവിൽ സിപിഐഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിനെ കുളക്കോടുള്ള വീട്ടിൽ എത്തിച്ച ശേഷമാണ് വാഹനം തിരികെ പഞ്ചായത്തിലേക്ക് കൊണ്ടുപോയത്.



