തൃശ്ശൂർ മേയർ പദവി പണം നൽകി വിറ്റെന്ന തന്റെ മുൻപത്തെ ഗുരുതര ആരോപണത്തിൽ മാറ്റം വരുത്തി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. മേയർ സ്ഥാനത്തിനായി പണം നൽകിയെന്നത് തനിക്ക് കേട്ടറിവ് മാത്രമാണെന്നും പണപ്പെട്ടി നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ലാലി ജെയിംസ് ഇപ്പോൾ വ്യക്തമാക്കിയത്. ഡോക്ടർ നിജി ജസ്റ്റിന് മേയർ പദവി നൽകിയത് പണം വാങ്ങിയാണെന്ന് ആരോപിച്ചതിനെത്തുടർന്ന് ലാലിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ നടപടിയെടുത്ത ഡിസിസി നേതൃത്വത്തിനെതിരെ ലാലി ജെയിംസ് രൂക്ഷമായി പ്രതികരിച്ചു. കാര്യങ്ങൾ തുറന്നുപറയുമ്പോൾ പുറത്താക്കുകയല്ല, മറിച്ച് വിളിച്ചിരുത്തി സംസാരിക്കാനാണ് ഡിസിസി പ്രസിഡന്റ് തയ്യാറാകേണ്ടിയിരുന്നതെന്ന് അവർ പറഞ്ഞു. സസ്പെൻഷനെ ഭയപ്പെടുന്നില്ലെന്നും മരണം വരെ കോൺഗ്രസുകാരിയായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. മേയർ സ്ഥാനം നിഷേധിച്ചതിലുള്ള അമർഷമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് വിലയിരുത്തലുകൾ നിലനിൽക്കെയാണ്, പാർട്ടിയിലേക്ക് മടങ്ങിവരുമെന്ന ഉറച്ച നിലപാട് ലാലി പ്രകടിപ്പിച്ചത്.



