D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത നടൻ, സംഭവസ്ഥലത്തെത്തിയ പോലീസിനെയും ആക്രമിക്കാൻ മുതിർന്നു.

മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത് സംബന്ധിച്ച റിപ്പോർട്ട് ചിങ്ങവനം പോലീസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് കൈമാറും. ഡിസംബർ 24-ന് രാത്രി എം.സി. റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമാണ് അപകടം നടന്നത്.

അമിതവേഗതയിൽ എത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വില്പനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത നടൻ, സംഭവസ്ഥലത്തെത്തിയ പോലീസിനെയും ആക്രമിക്കാൻ മുതിർന്നു.

മദ്യലഹരിയിൽ ലക്കില്ലാതെ പെരുമാറിയ സിദ്ധാർത്ഥിനെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ റോഡിൽ കിടന്നുരുളുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിദ്ധാർത്ഥിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *