വയനാടിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ വണ്ടിക്കടവ് വനമേഖലയിലെ ഹാജിയാർ കടവിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. വണ്ടിക്കടവ് സ്വദേശിയായ 65 വയസ്സുകാരൻ മാരനെ കൊലപ്പെടുത്തിയ 14 വയസ്സുള്ള ആൺകടുവയാണ് പിടിയിലായതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. മാരൻ കൊല്ലപ്പെട്ട അതേ സ്ഥലത്ത് തന്നെ കൂട് സ്ഥാപിച്ചാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്.
പിടിയിലായ കടുവയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അതിനെ നിലവിൽ കാട്ടിലേക്ക് തുറന്നുവിടാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർ ചികിത്സകൾക്കും സംരക്ഷണത്തിനുമായി കടുവയെ സുൽത്താൻ ബത്തേരിക്ക് സമീപം കുപ്പാടിയിലുള്ള വയനാട് വന്യജീവി സങ്കേതത്തിന് കീഴിലെ ആനിമൽ ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
മാരന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കടുവയെ പിടികൂടാൻ ഉത്തരവിട്ടത്. കടുവ പിടിയിലായതോടെ ദിവസങ്ങളായി ഭീതിയിലായിരുന്ന വണ്ടിക്കടവ് നിവാസികൾക്ക് വലിയ ആശ്വാസമായി.



