തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ബിജെപി നേതാവ് വി.വി. രാജേഷ് അധികാരമേൽക്കും. ഏറെ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് പാർട്ടി ഈ തീരുമാനത്തിലെത്തിയത്. മുൻ ഡിജിപി ആർ. ശ്രീലേഖ മേയറാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് വി.വി. രാജേഷിനെ പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ ശ്രീലേഖ ഡെപ്യൂട്ടി മേയർ സ്ഥാനവും വഹിക്കില്ലെന്നാണ് സൂചന. തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി നേരിട്ട് ചർച്ച നടത്തുകയും സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നാല് പതിറ്റാണ്ടായി ഇടതുമുന്നണി കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്താണ് ബിജെപി ചരിത്രം കുറിച്ചത്. 50 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഒരു കോർപ്പറേഷൻ ഭരണത്തിലേക്ക് കടക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫും തങ്ങളുടെ സീറ്റുകൾ ഇരട്ടിയാക്കി മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്നു. അതിശക്തമായ ത്രികോണ മത്സരത്തിനൊടുവിലാണ് കേരളത്തിന്റെ ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന കോർപ്പറേഷൻ ഭരണം ബിജെപി സ്വന്തമാക്കിയത്.



