കൊച്ചി മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനെ പരിഗണിക്കാതിരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ രംഗത്തെത്തി. ദീപ്തിയുടെ കഠിനാധ്വാനം പാർട്ടി കണക്കിലെടുക്കുമെന്നാണ് കരുതിയിരുന്നതെന്നും അത് ഉണ്ടാകാത്തതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വാതിൽ അടയുമ്പോൾ മറ്റു പല വാതിലുകളും തുറക്കപ്പെടുമെന്നും രാഷ്ട്രീയത്തിൽ ആരെയും എന്നെന്നേക്കുമായി മാറ്റിനിർത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി ദീപ്തിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
കെഎസ്‌യു കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായ ഒരു വനിതാ നേതാവ് നേരിടുന്ന വെല്ലുവിളികൾ വലുതാണെന്നും ദീപ്തിയുടെ പ്രവർത്തനങ്ങൾ ത്യാഗപൂർണ്ണമാണെന്നും കുഴൽനാടൻ ഓർമ്മിപ്പിച്ചു. താൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ എത്തുന്നതിന് മുൻപേ അവിടെയുണ്ടായിരുന്ന വ്യക്തിയാണ് ദീപ്തിയെന്നും പാർട്ടിക്കകത്തും പൊതുസമൂഹത്തിലും അവർക്ക് വലിയ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സംഘടനാ പദവികൾ വഹിക്കുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്ന കെപിസിസി നിർദ്ദേശം ദീപ്തിയെപ്പോലുള്ളവരെ ഉദ്ദേശിച്ചുള്ളതായിരുന്നു. അർഹിച്ച പദവി ലഭിക്കാതെ വന്നപ്പോഴുണ്ടായ പൊതുനിരാശയാണ് തന്റെ പോസ്റ്റിലൂടെ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



