ലൈംഗികാതിക്രമ കേസിൽ ഇടതുസഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംവിധായിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് നടപടി സ്വീകരിച്ചത്.
ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു.
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷനായിരുന്നു കുഞ്ഞുമുഹമ്മദ്. ഈ യോഗത്തിനായി നഗരത്തിലെ ഹോട്ടലിൽ താമസിക്കവെ, കുഞ്ഞുമുഹമ്മദ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തു എന്നാണ് സംവിധായികയുടെ പരാതി.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പി.ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചത്.



