ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതർ നടത്തിയ വെടിവെയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നഗരത്തിന് 40 കിലോമീറ്റർ അകലെയുള്ള സ്വർണ്ണ ഖനി പ്രദേശമായ ബെക്കേഴ്സ്ഡാലിലെ ഒരു അനധികൃത മദ്യശാലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ഈ മാസം ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ വെടിവെയ്പ്പാണിത്.
രണ്ട് വാഹനങ്ങളിലെത്തിയ അക്രമികൾ ബാറിനുള്ളിൽ കയറി തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടയിലും ഇവർ വെടിവെയ്പ്പ് തുടർന്നു. കൊല്ലപ്പെട്ടവരിൽ ബാറിന് പുറത്തുണ്ടായിരുന്ന ഒരു ഓൺലൈൻ ടാക്സി ഡ്രൈവറും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഡിസംബർ ആറിന് പ്രിട്ടോറിയയ്ക്ക് സമീപമുള്ള സോൾസ്വില്ലെ ടൗൺഷിപ്പിൽ നടന്ന വെടിവെയ്പ്പിൽ ഒരു മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. ലോകത്തിൽ കൊലപാതക നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയിൽ, തോക്കുകളുടെ അനിയന്ത്രിതമായ ഉപയോഗം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.



