D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശ്രീനിവാസന്റെ വിയോ​ഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു
ഡിസംബർ 19-ന് ചേർന്ന ചാപ്റ്ററിന്റെ വാർഷിക പൊതുയോഗത്തിന് ശേഷമാണ് നടൻ ശ്രീനിവാസന്റെ വിയോഗവാർത്ത എത്തിയത്.

മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹ്യൂസ്റ്റൺ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ഡിസംബർ 19-ന് ചേർന്ന ചാപ്റ്ററിന്റെ വാർഷിക പൊതുയോഗത്തിന് ശേഷമാണ് നടൻ ശ്രീനിവാസന്റെ വിയോഗവാർത്ത എത്തിയത്.

തുടർന്ന് പ്രസിഡന്റ് സൈമൺ വളച്ചേരൽ, സെക്രട്ടറി മോട്ടി മാത്യു, ഭാരവാഹികളായ ജീമോൻ റാന്നി, അനിൽ ആറന്മുള, ഫിന്നി രാജു, ജോയ് തുമ്പമൺ എന്നിവർ ചേർന്ന് ചാപ്റ്ററിനുവേണ്ടി സംയുക്തമായി അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.

മലയാള സിനിമയിൽ ഹാസ്യത്തിലൂടെ സാമൂഹിക വിമർശനം നടത്തുന്നതിൽ അദ്വിതീയനായിരുന്നു ശ്രീനിവാസനെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. സാധാരണക്കാരന്റെ പ്രശ്നങ്ങളും മലയാളിയുടെ കപട സദാചാരബോധവും രാഷ്ട്രീയത്തിലെ ജീർണ്ണതകളും തന്റെ തൂലികയിലൂടെയും അഭിനയത്തിലൂടെയും വെള്ളിത്തിരയിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

തിരക്കഥ എന്ന സൗന്ദര്യത്തെ വ്യക്തമായ കാഴ്ചപ്പാടോടെ അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിന്റെ മൂർച്ച മലയാള സിനിമയ്ക്ക് എന്നും മുതൽക്കൂട്ടായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തിലെ നിസ്സഹായതകളും സങ്കടങ്ങളും അസാധാരണ മിഴിവോടെ ആവിഷ്കരിച്ച മഹാനടന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും പ്രസ് ക്ലബ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *