D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശിക്ഷാ ഇളവിനായി പൊട്ടിക്കരഞ്ഞ് പ്രതികൾ;കൂസലില്ലാതെ സുനി; നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
തങ്ങൾക്ക് ഭാര്യയും കുട്ടികളുമുള്ള കാര്യം ഇവർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മറ്റ് പ്രതികളെല്ലാം ആവശ്യപ്പെട്ടു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുൻപുള്ള വാദത്തിനിടെ ചില പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. രണ്ടാം പ്രതി മാർട്ടിനും ആറാം പ്രതി പ്രദീപുമാണ് വികാരാധീനരായത്. തങ്ങൾക്ക് ഭാര്യയും കുട്ടികളുമുള്ള കാര്യം ഇവർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മറ്റ് പ്രതികളെല്ലാം ആവശ്യപ്പെട്ടു. കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർഥിച്ചു.

അതേസമയം, എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാൽ അതിൽ ഉൾപ്പെട്ട എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണെങ്കിലും മറ്റുള്ളവർ കുറ്റകൃത്യത്തിൻ്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. എന്നാൽ, എല്ലാ പ്രതികൾക്കും ഒരേപോലെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.

രണ്ടു മുതൽ ആറു വരെയുള്ള പ്രതികൾക്ക് ഒരേപോലെ ശിക്ഷ നൽകണോയെന്ന് കോടതി വീണ്ടും പ്രോസിക്യൂഷനോട് ചോദിച്ചു. ഒന്നാം പ്രതിയാണ് പ്രധാന കുറ്റകൃത്യം ചെയ്തതെങ്കിലും മറ്റുള്ളവർ അതിനുവേണ്ടി കൂട്ടായി നിന്ന് പ്രവർത്തിച്ചതിനാൽ ഒന്നാം പ്രതിയുടെ അതേ ശിക്ഷ തന്നെ എല്ലാവർക്കും നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോകളും ചിത്രങ്ങളും പകർത്തിയെന്നുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement