ബലാത്സംഗക്കേസിനു പിന്നാലെ ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒടുവിൽ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. 15 ദിവസത്തെ ഒളിവുജീവിതത്തിന് വിരാമമിട്ട്, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് എത്തിയത്. പാലക്കാട് കുന്നത്തൂർമേട് പോളിങ് ബൂത്തിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡി.വൈ.എഫ്.ഐ.-സി.പി.എം. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൂവൻ കോഴിയുടെ ചിത്രവുമായിട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണാടി പഞ്ചായത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തന പ്രചാരണത്തിനുവേണ്ടി നവംബർ 27നാണ് രാഹുൽ മാങ്കൂട്ടത്തിൽ അവസാനമായി പുറത്തുണ്ടായിരുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോകുകയായിരുന്നു.



