തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോലീസിൽ ആദ്യം പരാതിപ്പെടാതെ എന്തുകൊണ്ടാണ് കെപിസിസിക്ക് പരാതി നൽകിയതെന്നും, പരാതി നൽകാൻ എന്തുകൊണ്ട് വൈകിയെന്നും കോടതി യുവതിയോട് ചോദിക്കുന്നുണ്ട്. യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്നും കോടതി കണ്ടെത്തി. ഇത്രയും ഗൗരവകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും പരാതി ഉന്നയിക്കാൻ വൈകിയത് എന്തുകൊണ്ടാണ് എന്നതായിരുന്നു കോടതിയുടെ പ്രധാന ചോദ്യം.
പരാതി നൽകാൻ വൈകിയതിൻ്റെ കാരണമായി രാഹുലിനെയും സുഹൃത്തുക്കളെയും പേടിയുണ്ടെന്നാണ് കെപിസിസി പ്രസിഡൻ്റിന് നൽകിയ പരാതിയിൽ യുവതി പറഞ്ഞിരുന്നത്. എന്നാൽ സംഭവം തൻ്റെ കുടുംബത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് പെൺകുട്ടി പിന്നീട് മൊഴി നൽകിയതായി കോടതി ചൂണ്ടിക്കാട്ടി. രാഹുൽ തന്നെ വിവാഹം ചെയ്യും എന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു എന്നതും പരാതി നൽകാൻ വൈകിയതിന് കാരണമായി പെൺകുട്ടി മറ്റൊരിടത്ത് പറഞ്ഞതായി കോടതി ഉത്തരവിൽ പറയുന്നു.



