രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം JFM കോടതി 4 തള്ളി. അതിജീവിതകൾക്കെതിരെ താൻ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു എന്നും ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയെ അറിയിച്ചു. നിരാഹാരം കാരണം രാഹുലിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ ഡിസംബർ 10-ന് കസ്റ്റഡി വേണമെന്നും, രാഹുൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും പാസ് വേർഡ് നൽകാത്തതിനാൽ അവ വീണ്ടെടുക്കുന്നതിനടക്കം കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രാഹുൽ ഈശ്വർ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി അപേക്ഷ ഡിസംബർ 10-ന് പരിഗണിക്കും.നേരത്തെ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അപ്ലോഡ് ചെയ്ത പോസ്റ്റ് പിൻവലിക്കാമെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞിരുന്നു.
ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, പ്രതി കോടതികളെയും നിയമത്തെയും വെല്ലുവിളിക്കുന്ന പ്രവണത കാണിക്കുന്നു എന്ന് വാദിച്ചു. പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് അറിയിച്ച് പോലീസ് രാഹുൽ ഈശ്വറിനായി കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.
അതേസമയം, സൈബർ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനാൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജയിലിൽ പ്രവേശിപ്പിച്ച ശേഷം രാഹുൽ നിരാഹാര സമരത്തിലാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആദ്യം പൂജപ്പുര ജയിലിലേക്ക് മാറ്റുകയും, നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.



