രാഹുൽ മാങ്കൂട്ടത്തലിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പുറത്തുവന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും രാഹുലിന് സംരക്ഷണം ഒരുക്കിയത് വെട്ടുകിളിക്കൂട്ടം ആണെന്നും മുഖ്യമന്ത്രി വിമർശിച്ചു. പോലീസ് ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും രാഹുലിനെ പിടികൂടാൻ പോലീസിന് സാധിക്കുമെന്നും എറണാകുളത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം അറിയിച്ചു.
അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിക്കും എന്ന് റിപ്പോർട്ടുണ്ട്. ഒരു വനിത ഐ.പി.എസ്. ഉദ്യോഗസ്ഥ ആയിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തും.
സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് തന്നെ ഹർജി ബെഞ്ചിന്റെ പരിഗണനയിൽ എത്തിക്കാനാണ് രാഹുലിന്റെ അഭിഭാഷകർ ശ്രമിക്കുന്നത്. നിലവിൽ കസ്റ്റഡിയിലുള്ള രാഹുലിന്റെ പി.എ., ഡ്രൈവർ എന്നിവരെ എസ്.ഐ.ടി. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. രാഹുലിന്റെ ഒളിത്താവളവും ആരൊക്കെ സഹായിച്ചു എന്നതുമടക്കമുള്ള വിശദാംശങ്ങൾ ഇവരിൽനിന്ന് ലഭിക്കുമെന്നും സൂചനയുണ്ട്.



