തിരുവനന്തപുരത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി (30) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്‌നോപാർക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിവരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
പരവൂർകോണത്ത് ഡ്രെയിനേജിനു വേണ്ടി എടുത്ത കുഴിയിലാണ് ആകാശ് ഓടിച്ച ഇരുചക്ര വാഹനം വീണത്. പുലർച്ചെയായതിനാൽ അപകടം നടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.നാലുവരിപ്പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് ഇവിടെ കലുങ്ക് പണി നടക്കുന്നത്. ആകാശിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.



