D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രണ്ടാമത്തെ പരാതി ആദ്യത്തേക്കാൾ ഗുരുതരം; രാഹുലിനെ പുറത്താക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: രാഹുലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ.പി.സി.സി.യുടെ നടപടി വൈകുന്നത്, രാഹുലിന്റെ മുൻകൂർ ജാമ്യവിധി കാത്തിരിക്കുന്നതിനാലാണ്. നേതാക്കളുമായുള്ള കെ.പി.സി.സി. അധ്യക്ഷന്റെ ആശയവിനിമയം ഉച്ചയ്ക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു. പ്രധാന നേതാക്കൾ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു. പ്രതിപക്ഷ നേതാവും പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും, രണ്ടാമത്തെ പരാതി ആദ്യത്തേതിനേക്കാൾ ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, വർക്കിങ് പ്രസിഡന്റുമാരാണ് ജാമ്യാപേക്ഷയുടെ വിധി വരെ കാക്കാൻ ആവശ്യപ്പെടുന്നത്.

പാർട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും ജനങ്ങളുടെ മനസ്സിൽ കോൺഗ്രസിനുള്ള അംഗീകാരം വീണ്ടെടുക്കാനുമായി ആരോപണവിധേയനായ രാഹുലിനെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടി വേണമെന്നാണ് തിരുവഞ്ചൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. രാഹുലിനെതിരെ നടപടിയെടുത്തില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന് മുതിർന്ന നേതാക്കൾ കെ.പി.സി.സി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുലിനെ പിന്തുണയ്ക്കുന്നവർ പോലും ഇക്കാര്യത്തിൽ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കും. എം.എൽ.എ. സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തിൽ തീരുമാനം രാഹുലിന് എടുക്കാമെന്നും നേതാക്കൾ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി വേഗത്തിൽ തന്നെ തീരുമാനം കൈക്കൊള്ളും. രാഹുൽ ഇപ്പോൾ പാർട്ടിയിൽ നിന്നും സസ്പെൻഷനിലാണ്. തെറ്റു തിരുത്താനുള്ള മാർഗമായാണ് സസ്പെൻഷൻ നടപടി പാർട്ടി അനുവർത്തിച്ചു വന്നിരുന്നത്. എന്നാൽ, രാഹുലിന്റെ കാര്യത്തിൽ തെറ്റുതിരുത്തലിന് സാധ്യതയില്ല. അതുകൊണ്ടുതന്നെ ശക്തമായ നടപടിയുണ്ടാകും. "ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി," കെ. മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *