തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കൂടുതൽ നടപടിയെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായി. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തുടർനടപടികൾ തീരുമാനിക്കാനാണ് പ്രധാന നേതാക്കൾക്കിടയിൽ നടന്ന കൂടിയാലോചനയിൽ ധാരണയായത്. പീഡന പരാതിയിൽ അറസ്റ്റ് ഉണ്ടായാൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കും.
അതേസമയം, ലൈംഗിക പീഡന, ഭ്രൂണഹത്യ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. അഞ്ചാം ദിവസവും ഒളിവിലാണ്. വ്യാപകമായ പരിശോധനകൾ നടത്തിയിട്ടും രാഹുലിനെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. പാലക്കാട് നിന്നും രാഹുൽ മുങ്ങിയതെന്ന് കരുതുന്ന ചുവന്ന ഫോക്‌സ്‌വാഗൺ കാർ ഒരു സിനിമാ താരത്തിന്റേതാണോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. എം.എൽ.എ വാഹനം ഉപേക്ഷിച്ചാണ് രാഹുൽ ഈ ചുവന്ന കാറിൽ രക്ഷപ്പെട്ടത്.
മറ്റന്നാൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അതിനു മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. പത്തനംതിട്ടയിൽ രാഹുലിനും കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിനുമായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. രാഹുൽ ഒളിവിൽ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് ഡിവിആറിൽ (DVR) നിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഈ സിസിടിവി ഡിവിആർ SIT കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെന്ന് സംശയമുള്ളതിനാൽ കെയർ ടേക്കറെ SIT ചോദ്യം ചെയ്യും.



