തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് നേരെ ബോംബ് ഭീഷണി ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ചയുടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.ഇത്തവണ വസ്തുവകകൾക്ക് നാശനഷ്ടം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതിനാൽ എത്രയും പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കണമെന്നുമാണ് ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരട്ട സ്ഫോടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ പ്രഭാവം അരക്കിലോമീറ്ററോളം ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. ഭീഷണിയെ തുടർന്ന് ക്ലിഫ് ഹൗസിൽ പോലീസും ബോംബ് സ്ക്വാഡും ചേർന്ന് വിശദമായ പരിശോധന നടത്തിവരികയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായി വിദേശത്താണ്. ഞായറാഴ്ചയാണ് അദ്ദേഹം ദുബായിൽ എത്തിയത്. ഇതിനു പുറമെ, ഒരു സ്വകാര്യ ബാങ്കിന്റെ മാനേജർക്കും ഇത്തരത്തിലുള്ള ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ കുറേ നാളുകളായി പലയിടങ്ങളിലും സമാനമായ ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ലഭിച്ച സന്ദേശങ്ങളിൽ പലതും പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി തള്ളിക്കളയുകയായിരുന്നു. തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഭീകരവിരുദ്ധ കേസുകളും പരാമർശിച്ചാണ് ഈ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.



