കഞ്ചിക്കോട്: ജയിലിൽ നിന്നും ജാമ്യം ലഭിച്ചതിന്റെ സന്തോഷം ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് വീണ്ടും അറസ്റ്റിൽ. കഞ്ചിക്കോട് കെടിസി മൈത്രി നഗർ സ്വദേശി ഷാഹിൻ (35) ആണ് വാളയാർ പോലീസിൻ്റെ പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും വാളയാർ പോലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. സുഹൃത്ത് മണികണ്ഠനാണ് ഷാഹിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചിക്കോട്ടെ ഒരു വ്യാപാര സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഷാഹിനും സുഹൃത്തുക്കളും കഞ്ചിക്കോട് ശിവക്ഷേത്രത്തിന് സമീപം ഒത്തുകൂടിയത്. ഈ ഒത്തുചേരലിനിടെയുണ്ടായ തർക്കമാണ് മദ്യക്കുപ്പികൊണ്ടുള്ള ആക്രമണത്തിൽ കലാശിച്ചത്.വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



