ചെന്നൈ:തമിഴ് നാട്ടിൽ പ്രണയം നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. രാമേശ്വരം സ്വദേശിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മുനിരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ശാലിനി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പെൺകുട്ടിയെ പിന്തുടർന്നെത്തിയ മുനിരാജ്, കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ ശാലിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശവാസിയായ മുനിരാജ് ശാലിനിയോട് നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി അത് നിരസിക്കുകയായിരുന്നു. താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ശല്യപ്പെടുത്തൽ തുടർന്നതോടെ ശാലിനി പിതാവിനോട് വിവരം പറഞ്ഞു. തുടർന്ന് ഇന്നലെ ശാലിനിയുടെ പിതാവ് മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത മുനിരാജിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.



