പാലക്കാട് തൃത്താല നിയോജകമണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കെഎസ്‌യു രംഗത്ത്. മണ്ഡലത്തിൽ ഒരിടത്തും കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്താൻ സംഘടന തീരുമാനിച്ചത്. കെഎസ്‌യു പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സി.എ. റംഷാദും, തിരുമിറ്റക്കോട് ബ്ലോക്ക് സെക്രട്ടറി അസ്ലം പൂക്കരത്തുമാണ് വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്.
പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണെന്നും, ഗ്രൂപ്പും പണവുമുള്ള ആളുകൾക്കായി സീറ്റുകൾ വീതംവെച്ച് നൽകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കെഎസ്‌യു ആരോപിക്കുന്നു. സീറ്റ് മോഹിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും, ഇവിടെ നടക്കുന്ന നീതികേട് എന്താണെന്ന് കോൺഗ്രസിന്റെ പാർട്ടി നേതൃത്വത്തിന് മുന്നിൽ തുറന്നുകാണിക്കാനാണ് ശ്രമിക്കുന്നതെന്നും സി.എ. റംഷാദ് പ്രതികരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തൃത്താല നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നത്. നിയോജക മണ്ഡലം കമ്മിറ്റി കോർ കമ്മിറ്റി വിളിച്ചില്ലെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ പ്രചാരണം നടത്താനാണ് കെഎസ്‌യുവിന്റെ തീരുമാനം.



